

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സി.എം.ആര്.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഇ.ഡി. കൊച്ചിയിലെ ഓഫീസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സി.എം.ആര്.എല്‍ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ പുറത്തുവന്നതോടെയാണ് മാസപ്പടി കേസ് വിവാദമായതും ഇപ്പോള്‍ ഇ.ഡി അന്വേഷണത്തില്‍ എ്ത്തിനില്ക്കുന്നതും.


പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ ഐ.ടി കമ്പനിയായ എക്സാലോജിക്കും ചെയ്യാത്ത സേവനത്തിന് സി.എം.ആര്.എല്ലില്‍ നിന്ന് ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. ഇതുകൂടാതെ ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു. ഇതേകുറിച്ച് ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷണം നടത്തുന്നുണ്ട്. വീണ വീജയന്, എക്സാലോജിക് കമ്പനി, സി.എം.ആര്.എല്‍, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി എന്നിവരാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്.


ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നതിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം നടത്തുന്നത്. സി.എം.ആര്.എല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ കളളക്കണക്കിന്റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുളള എതിര്‍കക്ഷികളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെടും. സഹകരിച്ചില്ലെങ്കില്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കും. തുടര്‍ന്നാകും ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതടക്കമുളള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റിന് കടക്കാം.



