Breaking News

സാമ്പത്തിക സംവരണം: ലീഗിനെതിരെ എ.വിജയരാഘവന്‍

എ.വിജയരാഘവന്‍

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. സാമ്പത്തിക സംവരണത്തിനെതിരെ സമരരംഗത്തിറങ്ങിയ ലീഗ് മറ്റ് സമുദായ സംഘടനകളെ സമരരംഗത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിജയരാഘവന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു വര്‍ഗ്ഗീയതയെ മറയാക്കി കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് കരുത്ത് പകരുമെന്നും ചോദ്യംചോദിച്ചവരെ വര്‍ഗീയവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമര രംഗത്തിറങ്ങുക വഴി കേരളത്തില്‍ സാമുദായിക ധ്രുവീകരണമാണ് ലീഗ് ലക്ഷ്യമിട്ടത്. സാമ്പത്തിക സംവരണം യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കും തീവ്രഹിന്ദുത്വ വര്‍ഗീയതയ്ക്കുമെതിരെ എല്ലാ മതേതര ആശയക്കാരെയും ഒന്നിപ്പിക്കുകയെന്നതാണ് സിപിഐ(എം) നയം. ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികള്‍ക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയര്‍ത്തിയതെന്നും അദ്ദേഹം ലേഖനത്തില്‍ വിശദീകരിക്കുന്നു. ഇതിന് ഉത്തരം പറയാതെ, സിപിഐ(എം) വര്‍ഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേതെന്നും അദ്ദേഹം പറയുന്നു.
ജമാഅത്തെ ഇസ്ലാമിക്കെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോടടുക്കുന്നത് ജമാഅത്തെ ഇസ്ലാമി ഇഷ്ടപ്പെടുന്നില്ല. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവര്‍ഗീയത ശക്തിപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷവര്‍ഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന അപകടകരമായ നിലപാടാണ് ഇത്. ഇതിനെയാണ് സിപിഎം വിമര്‍ശിക്കുന്നത്. അത് ‘വര്‍ഗീയയവാദ’മാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മലയാളിയുടെ ബോധനിലവാരത്തെ പുച്ഛിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *