
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷകരുടെ ക്ഷേമത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞ ധനമന്ത്രി കര്‍ഷകരുടെ ക്ഷേമ പദ്ധതികള്‍ക്ക് 75,060 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
നെല്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ യഥാക്രമം 1.72 ലക്ഷം കോടിയും 16.5 ലക്ഷം കോടി രൂപയുമാക്കി ഉയര്‍ത്തി. 2020-21ല്‍ ഗോതമ്പു കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ പ്രതിഫലനമായി 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുമെന്നും കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
75-ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രതീകമായി 75 വയസ്സിനു മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ടനികുതി ഒഴിവാക്കി.
കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നല്‍ നിര്‍മല സീതാരാമന്‍ ഉറപ്പുവരുത്തി. കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍ പ്രഖ്യാപിച്ച മന്ത്രി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1,967 കോടി രൂപയും പ്രഖ്യാപിച്ചു. 600 കിലോ മീറ്റര്‍ മുംബൈ-കന്യാകുമാരി പാത. മധുര-കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. 25,000 കോടി ബംഗാളിന് വകയിരുത്തി. 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് ഈ തുക വകയിരുത്തിയത്. റയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി.