Breaking News

ആറ്റിങ്ങലിൽ ലഹരി വ്യാപനം ശക്തമാകുന്നു; വ്യാപക പരിശോധന ആവശ്യപ്പെട്ട് നാട്ടുകാർ

ആറ്റിങ്ങൽ: നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി മയക്കുമരുന്ന് വ്യാപനം വർധിക്കുന്നതായി വ്യാപക പരാതികൾ ഉയരുന്നു. രാത്രികാലങ്ങളിൽ വിവിധ ഭാഗങ്ങളിൽ ലഹരി വിൽപ്പനയും കൈമാറ്റവും നടക്കുന്നുവെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ പോലീസ്, എക്സൈസ് ഉൾപ്പെടെയുള്ള നിയമപാലന ഏജൻസികൾ കൂടുതൽ ശക്തമായ പരിശോധനയും നിരീക്ഷണവും നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പ്രദേശവാസികളുടെ ആരോപണമനുസരിച്ച്, ആറ്റിങ്ങൽ കൊടുമൺ ബൈപ്പാസ്, അയിലം റോഡ്, കോളേജ് ഗ്രൗണ്ടിന് പിറകുവശം, കരിച്ചിയിൽ, അവനവഞ്ചേരി, അയിലം നെല്ലിമൂട് തുടങ്ങിയ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ലഹരി ഇടപാടുകൾ സജീവമാണ്. ചെറുകാറുകൾ, ബൈക്കുകൾ, ഭക്ഷണ വിതരണ വാഹനങ്ങൾ എന്നിവ ഉപയോഗിച്ചാണ് മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതെന്നും പരാതിയുണ്ട്.

ചിലർ ചെറിയ കടമുറികൾ വാടകയ്ക്ക് എടുത്ത് ലഹരി വിൽപ്പന നടത്തുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ വിമർശനം. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ പോലീസ് പട്രോളിംഗും എക്സൈസ് പരിശോധനയും ശക്തമാക്കണമെന്നും സംശയാസ്പദമായ വാഹനങ്ങളെയും കേന്ദ്രങ്ങളെയും നിരീക്ഷണ വിധേയമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളും അധികൃതരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെടുന്നു. വ്യാപനം തടയുന്നതിനായി രഹസ്യാന്വേഷണം ശക്തമാക്കുകയും കർശന പരിശോധനകൾ നടത്തുകയും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.

“ലഹരി സംബന്ധമായ വിവരങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷനിലോ, പോലീസ് എമർജൻസി നമ്പർ 112-ലോ, എക്സൈസ് വിമുക്തി ഹെൽപ്പ്‌ലൈൻ 14405-ലോ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.”

Related posts

Leave a Reply

Your email address will not be published. Required fields are marked *