Breaking News

മൂന്നുദിവസമായി കാണാതായിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റിൽ

വർക്കല: മൂന്നുദിവസമായി കാണാതായിരുന്ന യുവാവിനെ സ്വന്തം വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവ വട്ടക്കുളം തിരുവാതിര വീട്ടിൽ വിജിൻ (42) ആണ് മരിച്ചത്.

അമ്മയോടൊപ്പം താമസിച്ചിരുന്ന വിജിനെ കഴിഞ്ഞ മൂന്നുദിവസമായി കാണാതായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ കിണറ്റിനുള്ളിലേക്ക് നോക്കിയപ്പോൾ എന്തോ കിടക്കുന്നതായി ശ്രദ്ധിച്ചു. തുടർന്ന് പരിസരവാസികളെ വിവരം അറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ പൊങ്ങിക്കിടന്നത് വിജിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

വിവരമറിഞ്ഞ് വർക്കല അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഏകദേശം 15 അടി താഴ്ചയും ഏഴ് അടി വെള്ളവുമുള്ള കിണറ്റിലായിരുന്നു മൃതദേഹം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഭഗത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കിണറ്റിലിറങ്ങി കയറിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

മൃതദേഹത്തിന് ഏകദേശം മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം വർക്കല പോലീസിന് കൈമാറി. പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *