Breaking News

വർക്കലയിൽ ബസ് ജീവനക്കാരന് കുത്തേറ്റു; പ്രതി പോലീസ് കസ്റ്റഡിയിൽ

വർക്കല: വർക്കലയിൽ ബസ് ജീവനക്കാരന് കുത്തേറ്റു. പ്രതി പോലീസ് കസ്റ്റഡിയിൽ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ ജാക്സൺ(38) പോലീസിൻ്റെ പിടിയിലായി. ആക്രമണത്തിൽ പരിക്കേറ്റ മണമ്പൂർ ഒറ്റൂർ സ്വദേശിയായ ബസ് ഡ്രൈവർ ബിജോയ് (38) വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിജോയിയുടെ കഴുത്തിലും കൈയിലുമാണ് കുത്തേറ്റത്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെങ്കിലും ഗുരുതരമല്ലയെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ചികിത്സ തുടരുകയാണ്.

ബസ്സിൽ യാത്രയ്ക്കിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

വർക്കല പുത്തൻചന്തയിൽ നിന്ന് ബസിൽ കയറിയ അഞ്ചുതെങ്ങ് സ്വദേശിയായ പ്രതി, “ഈ ബസ് അഞ്ചുതെങ്ങിലേക്കാണോ പോകുന്നത്” എന്ന് കണ്ടക്ടറോട് ചോദിച്ചു. ഇതിന് മറുപടിയായി “ബോർഡ് വായിക്കാൻ അറിയില്ലേ” എന്ന തരത്തിൽ കണ്ടക്ടർ പ്രതികരിച്ചതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് വർക്കല ആയുർവേദ ആശുപത്രിക്ക് സമീപം പ്രതി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കണ്ടക്ടറുമായി വീണ്ടും വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.

അടിപിടി ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ ബിജോയ് ബസ് നിർത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്ത് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ബസ് ജീവനക്കാരും പ്രതിയുമായി വാക്കേറ്റമുണ്ടായെന്നും, തുടർന്ന് ഉണ്ടായ ആക്രമണത്തിൽ നിന്ന് പ്രാണരക്ഷാർത്ഥമാണ് കുത്തിയതെന്നുമാണ് പ്രതി പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.

സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ മൊഴിയും ദൃക്സാക്ഷികളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിച്ചാണ് തുടർനടപടികൾ സ്വീകരിക്കുകയെന്ന് വർക്കല പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *