
കൊച്ചി: ഡോളര്‍ കടത്തില്‍ ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലം. ഹൈക്കടതിയില്‍ സമര്‍പ്പിക്കാന്‍ കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് 164 പ്രകാരം സ്വപ്ന നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലുമായുള്ള ഇടപെടലുകളില്‍ തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും അതുകൊണ്ടാണ് തനിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നതെന്നും സ്വപ്ന മൊഴി നല്‍കിയതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്കും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരും കോണ്‍സുലേറ്രും തമ്മിലുള്ള ഇടപാടില്‍ ശിവശങ്കര്‍ പ്രധാന കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവിലാണ് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ തന്നെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന വിവരം അതീവ ഗൗരവതരമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്‌മെന്റ് പ്രകാരം നല്‍കുന്ന മൊഴിയില്‍ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള വിവരങ്ങള്‍. ഡോളര്‍ കടത്തു കേസില്‍ സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രതലത്തില്‍ അറിയിച്ചശേഷം തുടര്‍നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.