
കര്‍ണ്ണാടക: കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ ഡി.കെ.ശിവകുമാറിനുള്ള കടുത്ത അതൃപ്തിയാണ് ഈ ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നത്. മാത്രമല്ല, ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ആഭ്യന്തര വകുപ്പുകൂടി ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഡി.കെ.ഡി.കെ.ശിവകുമാറിന് അക്കാര്യത്തിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബുധനാഴ്ചയാണ് ഡി.കെ.ശിവകുമാര്‍ യദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടുനല്‍കുകയായിരുന്നു കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. ഇതോടെ, രാഹുല്‍ ഗാന്ധിയുമായി അകല്‍ച്ചയിലാണ് ഡി.കെ.ശിവകുമാര്‍. ഈ അകല്‍ച്ച മുതലെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായാണ് ഡി.കെ.ശിവകുമാര്‍-യദിയൂരപ്പ കൂടിക്കാഴ്ചക്ക് പിന്നാലെ ഉയരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ സത്യമാകില്ല എന്നൊന്നും പറയാന്‍ സാധിക്കില്ല എന്നതാണ് രാഷ്ട്രീയ ചരിത്രം. കാരണം രാഷ്ട്രീയ നിരാശ മാത്രമല്ല, ബി.ജെ.പിയുമായി കൈകോര്‍ത്താല്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും പിടിയില്‍നിന്ന് രക്ഷപെടുകയും ചെയ്യാം. ബി.ജെ.പിയുമായി കൈകോര്‍ത്ത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഒരു പ്രധാന വകുപ്പിന്റെ കേന്ദ്ര മന്ത്രി സ്ഥാനം നേടിയെടുക്കാനും അതുവഴി മുഖ്യമന്ത്രിയാക്കാതെ തന്നെ തഴഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഒരു മധുരപ്രതികാരം നല്‍കാനും ഡി.കെ.ശിവകുമാറിന് സാധിച്ചേക്കും.
