
വര്‍ക്കല: വര്‍ക്കല നഗരസഭയിലെ മാലിന്യ പ്ലാന്റ് പ്രഹസനമെന്ന് ആരോപണം ഉയരുന്നു. ഇവിടെ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കപ്പെടാതെ പുഴുവരിക്കുന്ന അവസ്ഥയിലാണ്. മാലിന്യ പ്ലാന്റിനുള്ളില്‍ പുഴുവരിക്കുന്ന മലിനജലം കെട്ടിക്കിടക്കുകയാണ്. കടുത്ത അവഗണനയാണ് നഗരസഭ അധികൃതര്‍ വര്‍ക്കലയിലെ മാലിന്യ നിര്‍മ്മാജ്ജന മേഖലയില്‍ കാണിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അശ്വതി ആരോപിക്കുന്നു.

ഈ മാലിന്യ പ്ലാന്റ് 1 കോടി 40 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നു. ചുറ്റുമതില്‍ കെട്ടുകയും, തറയില്‍ ടെയില്‍ ഇടുകയും, ഷീറ്റ് മാറ്റി പകരം
കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കും, ഇന്റര്‍ലോക്ക് ചെയ്യും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നായിരുന്നു വാഗ്ദാനം ലഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ചുറ്റുമതിലിന്റെ നിര്‍മ്മാണം മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അതും ഇതുവരെ പൂര്‍ത്തിയായിട്ടില്ല-അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പുഴുക്കള്‍ നിറഞ്ഞ മലിനജലം കെട്ടിക്കിടക്കുന്ന വിവരം രാവിലെ തന്നെ നഗരസഭ ചെയര്‍മാനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചുവെങ്കിലും നിരുത്തരവാദപരമായ പ്രതികരണമാണ് അവിടെയനിന്നും ലഭിച്ചത്. ഈ പ്രദേശത്ത് ദുര്‍ഗന്ധവും ഈച്ച, കൊതുക് തുടങ്ങിയവയുടെ ശല്യവും കാരണം പരിസരവാസികള്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്. പലരും വീടും സ്ഥലവും ഇക്കാരണത്താല്‍ വിട്ടുപോകുകയാണെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ശാസ്ത്രീയ പരിഹാരം കാണാതെ ഇവിടേക്ക് മാലിന്യം എത്തിക്കുന്ന ജോലിക്കാരെ വിട്ട് കെട്ടിക്കിടന്ന മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്ന നടപടിയാണ് നഗരസഭ സ്വീകരിച്ചിരിക്കുന്നതെന്നും കൗണ്‍സിലര്‍ കുറ്റപ്പെടുത്തി.
2010 ജൂലൈ 1 ന് അന്നത്തെ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് വര്‍ക്കല കണ്വാശ്രമം വാര്‍ഡില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം ചെയ്ത് 13 വര്‍ഷം കഴിഞ്ഞിട്ടും വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 33 വാര്‍ഡുകളിലെയും മാലിന്യം ഇവിടെ കൊണ്ടുവന്ന് കൂട്ടിയിടുന്നതല്ലാതെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല എന്നതാണ് വസ്തുത. ചുരുക്കത്തില്‍, വര്‍ക്കല നഗരസഭ ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ പ്രഹസനമാണോയെന്ന് സംശയമുണ്ടാകുന്ന വിധത്തിലാണ് നിലവിലെ സ്ഥിതിഗതികള്‍.
