

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഫൈസലിനോട് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടികേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഹൈക്കോടതി വിധി വരുന്നതുവരെ എം.പി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്ത് വര്‍ഷത്തെ തടവുശിക്ഷയും കോടതി സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഫൈസല്‍ എം.പി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് കാരണം ആണ് ഫൈസലിന് എം.പി സ്ഥാനം നിലനിര്‍ത്താനായത്. എം.പിയെന്ന വസ്തുത കണത്തിലെടുത്താണ് കേസില്‍ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, അക്കാര്യത്തില്‍ വിമര്‍ശനാത്മക നിലപാടാണ് സ്വീകരിച്ചത്.

സ്റ്റേ ഉത്തരവ് റദ്ദാക്കിയാല്‍ എം.പി സ്ഥാനത്തിന് അയോഗ്യത ഉണ്ടാകുമെന്ന് ഫൈസലിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സീറ്റ് ഒഴിച്ചിടുന്നത് വോട്ടര്‍മാരുടെ അവകാശത്തെ ഹനിക്കുന്ന കാര്യമാണെന്ന രാഹുല്‍ ഗാന്ധി കേസിലെ സുപ്രീംകോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫൈസലിന് ഹൈക്കോടതി വിധി വരുന്നതുവരെ എം.പി സ്ഥാനത്ത് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

