Breaking News

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ വന്‍ ഗൂഢാലോചന: മുഖ്യമന്ത്രി

പിണറായി വിജയന്‍(ഫയല്‍ ചിത്രം)

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ വന്‍ ഗൂഢാലോചന എന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമമുണ്ടായതായും എന്നാല്‍ അത് പരാജയപ്പെട്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഗൂഢാലോചനകള്‍ തെളിയുമെന്നും വ്യക്തമാക്കി. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് വിവാദത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും തുടക്കം മുതല്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്തിനെ മഹാന്‍ എന്ന് വിശേഷിക്കാനും അദ്ദേഹം തയാറായി.
മത്സ്യത്തൊഴിലാളികളും തീരദേശ ജനങ്ങളും വലിയ തോതില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഈ പിന്തുണ ചിലര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്‌നത്തെ തന്നെ മുതലെടുത്ത് സര്‍ക്കാരിനെതിരെ തിരിക്കുന്നു. കടലിന്റെ അവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന ബോധ്യം അവര്‍ക്കിടയില്‍ ഉണ്ടാക്കിയാല്‍ വലിയ വികാരം ഉണ്ടാകും. അത്തരത്തില്‍ തയാറാക്കിയ ഗൂഢപദ്ധതിയില്‍ ദല്ലാള്‍ എന്ന പേരിലറിയപ്പെടുന്ന ആളടക്കം ഇടപെട്ടുവെന്നാണ് കേള്‍ക്കുന്നത്-മുഖ്യമന്ത്രി തുറന്നടിച്ചു.
ഗൂഢാലോചനയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടത്തിയത്. ഈ പറയുന്ന മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതില്‍ അയാള്‍ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അപാകതയൊന്നുമില്ല. പക്ഷേ ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് ഈ മഹാന്‍ അറിയിക്കുകയാണ്. അപ്പോള്‍ ഒരു സ്വാഭാവിക മറുപടി കൊടുക്കുമല്ലോ, അതാണ് രേഖ എന്ന് പറയുന്നത്. അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കിതമാക്കാന്‍ ആകില്ല- മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *