
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയെന്ന സര്‍ക്കാരിന്റെ വാദം കളളമെന്ന് തെളിയുന്നു. ധാരണാപത്രം റദ്ദാക്കിയെന്ന പ്രഖ്യാപനം നടത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടുവെങ്കിലും ഇതുവരെ വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഉത്തരവ് ഉണ്ടായിട്ടില്ല.
ഇതോടെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയെന്ന സര്‍ക്കാരിന്റെ അവകാശവാദം വിവാദത്തില്‍നിന്ന് രക്ഷപെടാനുള്ള തന്ത്രമാണെന്ന് ബോധ്യമാവുകയാണ്. പ്രതിപക്ഷം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അതിന് തടയിടാനാണ് ധാരണാപത്രം റദ്ദാക്കുന്നതെന്നുമാണ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചത്.
കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി ഇ.എം.സി.സി യാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി എം ഡി ഒപ്പിട്ട ധാരണപത്രം റദ്ദാക്കിയത് സര്‍ക്കാര്‍ ഉത്തരവായി തന്നെ ഇറങ്ങണമെന്നിരിക്കെ ഇത്തരത്തില്‍ ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടുമില്ലെന്നത് സര്‍ക്കാരിന് എന്തൊക്കെയോ ഇക്കാര്യത്തില്‍ ഒളിച്ചുവയ്ക്കാനുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.