
ആറ്റിങ്ങൽ: നഗരത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി പതിറ്റാണ്ടുകളായി മുഴങ്ങിക്കൊണ്ടിരുന്ന ആറ്റിങ്ങൽ നഗരസഭയുടെ സൈറൺ ഇനി ചരിത്രത്തിന്റെ ഭാഗമാകും. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സൈറണുകളുടെ പ്രവർത്തനം നിർത്തലാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്താകെ നടപടി ആരംഭിച്ചു.
2026 ഫെബ്രുവരി 19-ന് പൊതുതാൽപര്യ ഹർജിയിൽ വിധി പ്രസ്താവിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സൈറൺ ഉപയോഗത്തിലൂടെ ലക്ഷ്യമിട്ടിരുന്ന ഉദ്ദേശ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തിൽ ഉത്തരവ് ലഭിച്ച തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ സൈറണുകളുടെ പ്രവർത്തനം നിർത്തലാക്കണമെന്നും നിർദേശിച്ചു.ഇതോടെ പൊതുതാൽപര്യ ഹർജി കോടതി തീർപ്പാക്കുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സംസ്ഥാന പൊതുജനാരോഗ്യ-പരിസ്ഥിതി ഓഫീസർ ഡോ. എ. ശശികുമാർ എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കും സർക്കുലർ അയച്ചു. സംസ്ഥാനത്തെ എല്ലാ നഗരസഭകൾക്കും മുനിസിപ്പാലിറ്റികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും സൈറൺ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിർദേശം നൽകണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ സൈറൺ പ്രവർത്തനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. കേസിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവ സമർപ്പിച്ച റിപ്പോർട്ടുകളും രേഖകളും പരിശോധിച്ച ശേഷമാണ് സൈറൺ പ്രവർത്തനം അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആറ്റിങ്ങൽ നഗരസഭയിലും വർഷങ്ങളായി തുടരുന്ന സൈറൺ സംവിധാനം അവസാനിക്കും.

ആറ്റിങ്ങൽ നഗരസഭയിൽ ദിവസവും പുലർച്ചെ 5 മണിക്കും, രാവിലെ 8 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും, വൈകുന്നേരം 5 മണിക്കും, രാത്രി 9 മണിക്കും മുഴങ്ങുന്ന സൈറൺ നഗരത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. വാച്ചും, മൊബൈൽ ഫോണുകളും എല്ലാവരുടെയും കൈവശമില്ലാതിരുന്ന കാലത്ത് സമയം അറിയിക്കുന്ന വിശ്വസനീയമായ പൊതു സംവിധാന മായാണ് ഈ സൈറൺ പ്രവർത്തിച്ചിരുന്നത്.
പുലർച്ചെ 5 മണിയിലെ സൈറൺ ഉറക്കമുണർന്ന് ദിനചര്യ ആരംഭിക്കാനും കർഷകർ, മത്സ്യത്തൊഴിലാളികൾ, പാൽ വിതരണക്കാർ, പത്രവിതരണക്കാർ തുടങ്ങിയവർക്ക് ജോലിക്ക് പുറപ്പെടാനുള്ള സമയസൂചനയുമായിരുന്നു. രാവിലെ 8 മണിയിലെ സൈറൺ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഓർമപ്പെടുത്തലായി കണക്കാക്കിയിരുന്നു. ഉച്ചയ്ക്ക് 1 മണിയിലെ സൈറൺ ഉച്ചവിശ്രമത്തിന്റെയും ഭക്ഷണസമയത്തിന്റെയും സൂചനയായി പലരും ഉപയോഗിച്ചു. വൈകുന്നേരം 5 മണിയിലെ സൈറൺ സർക്കാർ ഓഫീസുകളുടെയും പല സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം അവസാനിക്കുന്നതിന്റെ സൂചനയായും വ്യാപാര പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള സമയസൂചനയായും മാറി. രാത്രി 9 മണിയിലെ സൈറൺ അന്നത്തെ പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാനും രാത്രി വിശ്രമത്തിനുള്ള സമയം എത്തിയെന്ന ഓർമപ്പെടുത്തലായും നാട്ടുകാർ കണക്കാക്കിയിരുന്നു.
സമയക്രമം പാലിക്കാൻ മാത്രമല്ല, നഗരത്തിലെ ആയിരക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ഏകോപിപ്പിക്കുന്ന ഒരു പൊതുസംവിധാനമായും ഈ സൈറൺ വർഷങ്ങളോളം പ്രവർത്തിച്ചു. തലമുറകളുടെ ജീവിതശൈലിയുമായി ഇഴചേർന്നിരുന്ന ഈ ശബ്ദം നഗരത്തിന്റെ സാമൂഹിക-സാംസ്കാരിക ഓർമകളുടെ ഭാഗമായാണ് ഇന്നും പലരും കാണുന്നത്.
നഗരത്തിന്റെ ദൈനംദിന ജീവിതക്രമവുമായി ഇഴചേർന്നിരുന്ന ഈ ശബ്ദം തലമുറകളുടെ ഓർമ്മകളുടെ ഭാഗമായിരുന്നു. എന്നാൽ ഡിജിറ്റൽ വാച്ചും, മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ആധുനിക സമയസൂചനാ സംവിധാനങ്ങൾ വ്യാപകമായതോടെ സൈറൺ ഉപയോഗത്തിന്റെ പ്രായോഗിക പ്രസക്തി കുറഞ്ഞതായി ഹൈക്കോടതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൈറൺ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തുടർനടപടികളും പ്രാബല്യത്തിൽ വരുന്നതോടെ ആറ്റിങ്ങൽ നഗരത്തിന്റെ ശബ്ദചരിത്രത്തിന്റെ ഭാഗമായിരുന്ന സൈറൺ മുഴക്കം ഇനി ഓർമ്മകളിൽ മാത്രം അവശേഷിക്കും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …