
തിരുവനന്തപുരം: 80നും 100നും ഇടയ്ക്ക് സീറ്റുകള്‍ നേടി സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍ഭരണം ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോടെയാവും എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലെത്തുകയെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. 15-20 സീറ്റുകളാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്.
യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.
അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്തെന്നും എന്നാല്‍ ഇത് യു.ഡി.എഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.