Breaking News

പുതുപ്പള്ളിയില്‍ ‘വോട്ട് വാങ്ങല്‍’ ആരോപണവുമായി സി.പി.എം

കോട്ടയം: പുതുപ്പള്ളിയില്‍ ‘വോട്ട് വാങ്ങല്‍’ ആരോപണവുമായി സി.പി.എം. ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫ് വാങ്ങിയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ബി.ജെ.പി വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ ജയിക്കാനാവില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നും എം.വി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് 19000 ത്തോളം വോട്ടുകളാണുള്ളത്. സി.പി.എം ഉയര്‍ത്തുന്ന ആരോപണത്തില്‍ കൗണ്ടിംഗിന് ശേഷമേ വ്യക്തത ലഭിക്കുകയുള്ളൂ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. വിജയം ഉറപ്പെന്ന് ആവര്‍ത്തിക്കുന്ന യു.ഡി.എഫ് നാല്‍പതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടുന്നു. സി.പി.എം ഉയര്‍ത്തിയ വോട്ടു വാങ്ങല്‍ ആരോപണം പരാജയഭീതി മൂലമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

പോളിംഗ് വെട്ടികുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നുവെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. വൈകിപ്പിക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം ലഭിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതേ ആരോപണമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും ഉയര്‍ത്തുന്നത്. എന്നാല്‍ ആരോപണം പാടെ തള്ളുകയാണ് സി.പി.എം. കളക്ടറടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണെന്നാണ് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *