

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നും സ്ത്രീ തെറിച്ചുവീണു. ആറ്റിങ്ങല്‍ അവനവന്‍ചേരി നെടുംപറമ്പ് പുത്തന്‍ വീട്ടില്‍ ലാലി വിനോദാണ്(45) ബസില്‍നിന്നും തെറിച്ച് റോഡില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ലാലിയെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 19 ന് രാവിലെ എട്ട് മണിയോടെ കാട്ടുചന്ത ജംഗ്ഷന് സമീപമായിരുന്നു അപകടം.

അപകടത്തില്‍ ലാലിക്ക് ദേഹമാസകലം ഗുരുതരമായ പരിക്കേറ്റിരുന്നു. ഇടത് കൈക്കും വാരിയെല്ലിനും പൊട്ടല്‍ സംഭവിച്ചു. ഇടത് കൈയ്യില്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്ന ലാലി പത്ത് ദിവസത്തോളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ലാലി ബീക്കണ്‍ ന്യൂസിനോട് പ്രതികരിച്ചു. അമിത വേഗതയില്‍ ബസ് വെട്ടിത്തിരിപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ലാലി വിശദീകരിച്ചു.

ആറ്റിങ്ങല്‍-പൊയ്കമുക്ക് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീഭദ്ര ബസില്‍ അതിര്‍ത്തിമുക്കില്‍നിന്ന് ആറ്റിങ്ങലിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ലാലി. ഇന്നലെയാണ് അപകടത്തെ കുറിച്ച് ലാലി പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പോലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

