Breaking News

പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: കോടതിയെ വെല്ലുവിളിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

ഇടുക്കി: പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. മൂന്നാറിലെ സി.പി.എം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള സി.വി.വര്‍ഗീസിന്റെ പ്രസ്താവന. സി.പി.എം ഓഫീസ് കേസില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് സി.വി.വര്‍ഗീസിനോട് ഇന്നലെയാണ് നിര്‍ദേശിച്ചത്.

കോടതിക്കെതിരെ മാത്രമല്ല അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടര്‍ക്കോ എതിരെയും പ്രസ്താവന പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഈ നിര്‍ദേശം തൃണവല്‍ഗണിച്ചാണ് ജില്ലാ സെക്രട്ടറി പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശാന്തന്‍പാറയില്‍ സി.പി.എം ഓഫീസ് നിര്‍മ്മിച്ചതിന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തും ആകാമോ എന്ന് ചോദിച്ച ഹൈക്കോടതി ശാന്തന്‍പാറിയിലെ ഓഫീസ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗിക്കുന്നത് വിലക്കി. കോടതിയലക്ഷ്യം കാട്ടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഉല്‍കണ്ഠ ഇല്ലെന്നും സി.വി.വര്‍ഗീസ് പ്രതികരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *