Breaking News

കെ-ഫോണ്‍: സര്‍ക്കാരിന് നഷ്ടം 36 കോടി രൂപ; സര്‍ക്കാരിനോട് വ്യക്തത തേടി സി.എ.ജി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയില്‍ സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സി.എ.ജിയുടെ പരാമര്‍ശം. ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴിയാണ് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. സ്റ്റോര്‍ പര്‍ചേസ് മാനുവല്‍ പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും വ്യവസ്ഥ. കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സിനെ കുറിച്ച് പറയുന്നില്ല.

10 ശതമാനം തുക അഡ്വാന്‍സ് നല്‍കണമെന്ന് കെ.എസ്.ഐ.ടി.എല്ലിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ്. അങ്ങനെ നല്‍കുന്നെങ്കില്‍ എസ്.ബി.ഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന് കെ.എസ്.ഇ.ബി ഫിനാന്‍സ് അഡൈ്വസറും കുറിപ്പെഴുതി. ബെല്ലുമായി ഉണ്ടാക്കിയ പേമെന്റ് ടേംസില്‍ പക്ഷെ സര്‍ക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തില്‍ മാത്രം സര്‍ക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സിഎജി പറയുന്നത്.

മൊബിലൈസേഷന്‍ അഡ്വാന്‍സ് വ്യവസ്ഥകള്‍ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി സി.എ.ജി സര്‍ക്കാരിനോട് വിശദീകരണം തേടി. കെ.എസ്.ഇ.ബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയത്. ആദ്യ കരാറില്‍ ഇല്ലാതിരുന്നിട്ടും എം.ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷന്‍ അഡ്വാന്‍സ് നല്‍കാന്‍ കെ.എസ്.ഐ.ടി.എല്‍ തയ്യാറായത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-ഫോണ്‍ പദ്ധതി നടത്തിപ്പിന് ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്.

1531 കോടിക്കായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലുമാണ് സി.എ.ജി സര്‍ക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *