
ജയകൃഷ്ണ ലക്ഷ്മി
തിരുവനന്തപുരം: ബി.ജെ.പിക്ക് സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന സീറ്റ് നഷ്ടമായതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മിന്റെ തന്ത്രം. നേമത്ത് കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ബി.ജെ.പിയെ ജയിപ്പിച്ചതെന്ന് 2016-ലെ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ജയിച്ച അന്നുമുതല്‍ സി.പി.എം പരസ്യമായി ആരോപിച്ചുകൊണ്ടിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം സി.പി.എം കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ഈ രാഷ്ട്രീയ ആയുധം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കടന്നതോടെ സി.പി.എം നേമം സീറ്റിന്റെ കാര്യത്തില്‍ തങ്ങളുടെ രാഷ്ട്രീയ ആരോപണം മൂര്‍ച്ചകൂട്ടി പ്രയോഗിച്ചു. കോണ്‍ഗ്രസാണ് സംസ്ഥാനത്ത് ബി.ജെ.പിയെ വളരാന്‍ സഹായിക്കുന്നതെന്ന ആരോപണമാണ് സി.പി.എം നിരന്തരം പ്രയോഗിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുവിഹിതത്തിലെ ഇടിവ് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ ആരോപണം.
ആരോപണത്തില്‍ അല്പം വാസ്തവവും ഉണ്ടായിരുന്നു. ബി.ജെ.പിയുടെ വര്‍ധിച്ച വോട്ട് വിഹിതത്തില്‍ നല്ലൊരു പങ്ക് കോണ്‍ഗ്രസ് അനുഭാവവോട്ടുകള്‍ ആയിരുന്നു. ഈ ആരോപണത്തിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് സി.പി.എം ഉന്നമിട്ടത്. ഒന്ന് നേമം സീറ്റ് പിടിച്ചെടുക്കുക. രണ്ട് സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചു എന്ന ക്രെഡിറ്റ് സ്വന്തമാക്കുക. ആ ക്രെഡിറ്റ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പ്രചരണത്തിനുള്ള മുതല്‍ക്കൂട്ടാവുകയും ചെയ്യും.
നേമം സീറ്റില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് സി.പി.എം പയറ്റിയത്. അതിനുള്ള മുന്നൊരുക്കം 2016 മുതല്‍ തന്നെ തുടങ്ങിയിരുന്നു എന്നതാണ് സത്യം. 2021-ലെ തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി ആ തന്ത്രം പരമാവധി ശക്തിയോടെ ജനങ്ങലിലെത്തിക്കാനും സി.പി.എമ്മിന് സാധിച്ചു. ബി.ജെ.പിക്ക് കേരളത്തില്‍ വളരാന്‍ കോണ്‍ഗ്രസ് വഴിയൊരുക്കുന്നുവെന്ന സി.പി.എമ്മിന്റെ കണക്കുകള്‍ നിരത്തിയുള്ള ആരോപണം മറ്റ് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളില്‍നിന്ന് അകലാന്‍ ഇടയാക്കിയേക്കുമെന്ന തോന്നല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഉണ്ടാക്കി.
ആ ഭയമാണ് നേമം സീറ്റ് ഘടകകക്ഷിയില്‍നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കാനും കെ.മുരളീധരനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും വഴിയൊരുക്കിയത്. അതുവഴി ബി.ജെ.പിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്ന് തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കി സംസ്ഥാനമൊട്ടാകെ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി. എന്നാല്‍, കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചുവെങ്കിലും, സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ വളരെ കൃത്യമായി ലക്ഷ്യംകണ്ടു.
വിജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് പോയ വോട്ടുകളില്‍ നല്ലൊരു ശതമാനം കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കെ.മുരളീധരന് സാധിച്ചു. അതുകൊണ്ടാണ് 2016-ല്‍ യു.ഡി.എഫിന് ലഭിച്ച 13,860 വോട്ട് ഇക്കുറി 36,524 ആയി വര്‍ധിച്ചത്. 22.664 വോട്ടുകളുടെ വര്‍ധനവ്! അതേസമയം, സി.പി.എമ്മിന്റെ വോട്ടുകളിലും വളരെ ചെറിയൊരു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.
2016-ല്‍ സി.പി.എമ്മിന് 59,142 വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് ഇക്കുറി ലഭിച്ചത് 55,837 വോട്ടുകളാണ്. എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം വോട്ടെടുപ്പിന് പിന്നാലെ പതിനായിരത്തോളം വോട്ടുകള്‍ സി.പി.എമ്മിന് മറിച്ചുവെന്ന് പരസ്യമായി വെളിപ്പെടുത്തിയത് ഇവിടെ പ്രസക്തമാകുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ യു.ഡി.എഫിലേക്ക് തന്നെ തിരിച്ചുവിടാനുള്ള തന്ത്രം വിജയകരമായി നടപ്പിലാക്കാന്‍ സി.പി.എമ്മിന് സാധിച്ചു. ചുരുക്കത്തില്‍, ശക്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി ബി.ജെ.പിയെ വാരിക്കുഴിയൊരുക്കി വീഴ്ത്തിയത് സി.പി.എം ആണെന്നുതന്നെ പറയാം.