Breaking News

സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് വീണു; സി.പി.എം

തിരുവനന്തപുരം: സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണെന്ന് സി.പി.എം. ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കാനുള്ള എന്‍.എസ്.എസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ അഭിപ്രായ പ്രകടനം. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞതെന്നന്നും അതിന്റെ പേരില്‍ അനാവശ്യ വിവാദമാണ് എന്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നുമാണ് ഇക്കാര്യത്തില്‍ സി.പി.എം നിലപാട്.

സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണെന്ന് സംശയിക്കുന്നതായും ശബരിമല പ്രതിഷേധത്തിന്റെ ചുവടുപിടിച്ചുള്ള നീക്കങ്ങള്‍ക്ക് ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായും സി.പി.എം വിലയിരുത്തുന്നു. അതേസമയം, ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എന്‍.എസ്.എസ് നേതൃത്വത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് താലൂക്ക് യൂണിയനുകള്‍ക്ക് എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തെ പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രം വരെയാണ് ഘോഷയാത്ര.വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ വിശ്വാസ സംരക്ഷണത്തിനായി വഴിപാട് നടത്തണമെന്നും നിര്‍ദേശമുണ്ട്.
ഗണപതി മിത്താണെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പുപറയണമെന്നാണ് എന്‍.എസ്.എസിന്റെ ആവശ്യം.

എന്നാല്‍, ഈ ആവശ്യം തള്ളിക്കളയുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രി എ.കെ.ബാലന്‍ എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. നായര്‍ സമുദായത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എന്‍.എസ്.എസ് നേതൃത്വം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ വോട്ട് ചെയ്യണമെന്ന എന്‍.എസ്.എസ് നേതൃത്വത്തിന്റെ ആഹ്വാനം സമുദായ അംഗങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എ.കെ.ബാലന് മറുപടി നല്‍കേണ്ട കാര്യമില്ല. അയാള്‍ക്ക് തുണ്ടുവിലയേ ഉള്ളൂവെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അതിനോട് പ്രതികരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *