

തിരുവനന്തപുരം: ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവനയെ തുടര്‍ന്ന് എന്‍.എസ്.എസ്-സി.പി.എം പോര് മുറുകുന്നു. എ.എന്‍ ഷംസീറിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തി. സ്പീക്കറിന്റേത് ചങ്കില്‍ തറച്ച പ്രസ്താവനയാണെന്ന് പ്രതികരിച്ച അദ്ദേഹം വിശ്വാസ സംരക്ഷണത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഒപ്പം നില്‍ക്കുമെന്നും പറഞ്ഞു.

എ.എന്‍.ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ശാസ്ത്രത്തിന് അടിസ്ഥാനം പറയാന്‍ ഗണപതിയുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയാന്‍ തയാറാകണമെന്നാണ് എന്‍.എസ്.എസ് ആവശ്യപ്പെടുന്നത്-സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

എല്ലാ മതവിശ്വാസികളോടും സമഭാവനയോടെ പെരുമാറുന്ന സമൂഹമാണ് ഹൈന്ദവ സമൂഹം. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങളെ താറടിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും യോജിച്ച് പ്രവര്‍ത്തിക്കാനാണ് എന്‍.എസ്.എസ് തീരുമാനമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ മന്ത്രി എ.കെ.ബാലന്‍ എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. നായര്‍ സമുദായത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എന്‍.എസ്.എസ് നേതൃത്വം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എ.കെ.ബാലന് മറുപടി നല്‍കേണ്ട കാര്യമില്ല. അയാള്‍ക്ക് തുണ്ടുവിലയേ ഉള്ളൂവെന്നാണ് സുകുമാരന്‍ നായര്‍ അതിനോട് പ്രതികരിച്ചത്.