

പത്തനംതിട്ട: കോടതി ഒഴിപ്പിച്ച പാര്‍ട്ടി ഓഫീസില്‍ പൂട്ട് തകര്‍ത്ത് അകത്തു കയറി സി.പി.ഐ പ്രവര്‍ത്തകര്‍. എഴുമറ്റൂരിലാണ് സംഭവം. തിരുവല്ല മുന്‍സിഫ് കോടതിയാണ് സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഒഴിപ്പിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നാണ് ഉടമ കോടതിയെ സമീപിച്ചത്. 2021 നല്‍കിയ കേസിലാണ് ഇപ്പോള്‍ ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. ഇത് പ്രകാരം ഇന്നലെയാണ് ഒഴിപ്പിച്ച് കോടതി ഉത്തരവ് പതിച്ച് ഓഫീസ് താഴിട്ട് പൂട്ടിയത്.

നേരത്തെ വാടക നല്‍കാത്തതും കട വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ട് അത് ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഉടമയായ പ്രദീപ് കോടതിയെ സമീപിച്ചത്. 2021 മുതല്‍ നടക്കുന്ന കേസിലായിരുന്നു ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. എന്നാല്‍ വിധി നടപ്പിലാക്കി പിറ്റേ ദിവസം തന്നെ കോടതി ഉത്തരവ് പ്രകാരമുള്ള പൂട്ട് തകര്‍ത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുകയും ആയിരുന്നു എന്നാണ് ആരോപണം.

കോടതി നടപടികള്‍ ഒന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് സിപിഐ വിശദീകരണം. നോട്ടീസ് നല്‍കിയിരുന്നില്ലെന്നും, കേസിനെ കുറിച്ചോ മറ്റോ ഒന്നും അറിയില്ലെന്നുമാണ് സി.പി.ഐ വിശദീകരിക്കുന്നത്. എന്നാല്‍ നോട്ടീസ് അടക്കം പതിച്ച ഓഫീസാണ് സിപിഐ പ്രവര്‍ത്തകര്‍ തുറന്നതെന്ന് ഉടമയും പറയുന്നു. അതേസമയം സഭവത്തില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പൊലീസ് അറിയിച്ചിട്ടുണ്ട്.

