
വര്‍ക്കല: വര്‍ക്കല നഗരസഭ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നഗരസഭ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി നടത്തിയ കോവിഡ് ടെസ്റ്റിലാണ് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര് നഗരസഭയിലെ എഞ്ചിനീയറിംഗ്, റവന്യു, ജനറല്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ്. ഇന്ന് രാവിലെ 12 മണിയോടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസിലുണ്ടായിരുന്ന ഇവര്‍ ക്വാറന്റൈനിലാകാനായി വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ള ആറുപേര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത പൊതുജനങ്ങളാണ്. ഇവരെയും വിവരമറിയിച്ച് ക്വാറന്റൈനിലാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്നലെ പരിശോധിച്ച 110ഓളം സാമ്പിളുകളില്‍ ഇനിയും റിസള്‍ട്ട് അറിയാനുണ്ട്. അതുകൊണ്ടുതന്നെ നഗരസഭ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലേര്പ്പെട്ടവരില് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുമോയെന്ന ആശങ്കയും നിലനില്ക്കുന്നു.