
വര്‍ക്കല: കോവിഡ് 19 വ്യാപനത്തിനെതിരെ സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരുമ്പോഴും താലൂക്ക് ആശുപത്രിയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് സംഭവിക്കുന്നു. ഡോക്ടറെ കാണാനുള്ള ക്യൂവിലും ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലും ഉള്‍പ്പെടെ സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല. ആശുപത്രിയില്‍ എത്തുന്നവരെ കോവിഡ് മാനദണ്ഡപ്രകാരം നിയന്ത്രിക്കാനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഒ.പി കൗണ്ടറിന് മുന്നിലും ഡോക്ടറെ കാണാന്‍ നില്‍ക്കുന്ന ക്യൂവിലുമൊക്കെ ഒന്നര മീറ്റര്‍ അകലത്തില്‍ ചികിത്സചേടി എത്തുന്നവര്‍ക്ക് നില്‍ക്കാന്‍ വൃത്തം രേഖപ്പെടുത്തുകയെങ്കിലും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍, കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം നടക്കുന്ന ഈ സാഹചര്യത്തില്‍ അത്രയും കരുതല്‍പോലും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ രോഗികളും കൂട്ടുവന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ട അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് തുടരുന്നത്. ഫാര്‍മസിക്ക് മുന്നില്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു തുള്ളി സാനിറ്റൈസര്‍ അതിലില്ല എന്നതാണ് സത്യം.
ആശുപത്രി കോമ്പൗണ്ടിനകത്ത് സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതില്‍ ഒതുങ്ങുന്നു. ഓടിനടന്ന് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ കാണിക്കുന്ന താല്‍പര്യം ഇവര്‍ കോവിഡ് പ്രതിരോധത്തിന് കാണിക്കുന്നില്ല. ഡോക്ടറെ കാണാന്‍ രോഗികള്‍ ക്യൂ പാലിക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്.
വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ വരെ ഒരേ മനസ്സോടെ കോവിഡിനെതിരെ ചിന്തിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരില്‍ നിന്നും അക്കാര്യത്തില്‍ കടുത്ത വീഴ്ചകളാണ് സംഭവിക്കുന്നത്.
ആശുപത്രി കോമ്പൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ തടയാനും സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ അനുവാദമില്ലാതെ ദൃശ്യങ്ങളെടുക്കാന്‍ പാടില്ലെന്നായിരുന്നു ഇയാളുടെ നിലപാട്.