Breaking News

വാക്‌സിന്‍ നയത്തിനെതിരെ കോണ്‍ഗ്രസ്; വാക്‌സിന്‍ വിവേചനമെന്ന് രാഹുല്‍ ഗാന്ധി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വാക്‌സിന്‍ നയത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പുതുക്കിയ വാക്‌സിന്‍ നയം കേന്ദ്രത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാന്‍ അവസരമൊരുക്കുന്നെന്നും സംസ്ഥാനങ്ങള്‍ക്കുമേല്‍ അമിതഭാരം ചുമത്തുന്നുവെന്നും വാക്‌സീന്‍ നിര്‍മാതാക്കളെ ലാഭമുണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഒരു രാഷ്ട്രം, ഒരു നികുതി, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു രാഷ്ട്രം, ഒരു വില നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ചോദിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, അജയ് മാക്കന്‍ എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘പുതിയ നയം അനുസരിച്ച്, മേയ് 1 മുതല്‍ വാക്‌സീന്‍ നിര്‍മാതാക്കള്‍ക്ക് നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50% ഡോസ് വിതരണം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പൊതുവിപണിയിലും വില മുന്‍കൂറായി പ്രഖ്യാപിച്ചു വില്‍ക്കാനാകും. കേന്ദ്ര സര്‍ക്കാരിന്റെ നടപടി വളരെ അന്യായമാണെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ ഉത്തരവാദിത്തം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇതു യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവും നല്‍കുന്നില്ല. ഒരു രാഷ്ട്രം, ഒരു വില ആവശ്യമാണ്. ഒരു രാഷ്ട്രം, ഒന്നിലധികം വിലകള്‍ ഉണ്ടാകരുത്’ ജയ്‌റാം രമേശ് പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി ‘വാക്‌സീന്‍ വിവേചനം’ എന്നാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യ ഓക്‌സിജനുവേണ്ടി കഷ്ടപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും കഴിവില്ലായ്മയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 18-45 വയസ്സ് പ്രായമുള്ളവര്‍ക്കു സൗജന്യ വാക്‌സീനുകള്‍ ഇല്ല. വില നിയന്ത്രണമില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്കു വാക്‌സീന്‍ ഗ്യാരന്റി ഇല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റേത് വാക്‌സീന്‍ വിവേചന വിതരണ രഹിത- തന്ത്രമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *