

ആലപ്പുഴ: പാര്‍ട്ടികള്‍ തമ്മിലുള്ള ട്വീറ്റ് യുദ്ധം തെരുവ് യുദ്ധമാക്കി കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍. സമൂഹമാധ്യമത്തിലൂടെ രാഹുല്‍ഗാന്ധിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആലപ്പുഴ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തി. പ്രകടനം തടയാന്‍ ബി.ജെ.പിയും രംഗത്തിറങ്ങിയതോടെയാണ് പാര്‍ട്ടികള്‍ തമ്മിലുള്ള ട്വീറ്റ് യുദ്ധം പാര്ട്ടിക്കാര് തമ്മിലുള്ള തെരുവ് യുദ്ധമായി മാറിയത്. പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രകടനം തയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു.

കോണ്‍ഗ്രസ് ബി.ജെ.പി ജില്ലാ ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനത്തിന് പകരമെന്നോണം ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കും പ്രകടനം നടത്തി. ബി.ജെ.പി നടത്തിയ പ്രകടനം പോലീസ് തടഞ്ഞതോടെ പോലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചതോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. അതേസമയം, ഇതേ വിഷയത്തില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണയാണ് പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നത്.

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തില്‍ കുറച്ച് തലകള്‍ പിടിപ്പിച്ച ശേഷം രാവണ്‍ എന്ന് പേരിട്ട പോസ്റ്ററാണ് ബി.ജെ.പിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പ്രചരിച്ചത്. നിര്‍മ്മാണം-കോണ്‍ഗ്രസ്, സംവിധാനം-ജോര്‍ജ് സോറസ് എന്നും പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പെരുംനുണയനെന്നും ജുംല(വ്യാജ വാഗ്ദാനം) ബോയ് എന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ട്വീറ്റിനുള്ള മറുപടിയെന്നോണമാണ് ബി.ജെ.പിയുടെ ട്വീറ്റ്.