Breaking News

അഞ്ചുതെങ്ങില്‍ സമഗ്ര കുടിവെള്ള പദ്ധതി: നിര്‍മ്മാണോദ്ഘാടനം 28 ന്

കടയ്ക്കാവൂര്‍: അഞ്ചുതെങ്ങില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 28 ന് നടക്കും. വൈകിട്ട് 4 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് പള്ളി ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ചിറയിന്‍കീഴ് എം.എല്‍.എ വി.ശശി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തീരപ്രദേശമായ അഞ്ചുതെങ്ങില്‍ കാലങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരം കാണുന്നതിനായാണ് ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.

ആകെ രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ജില്ലാ പഞ്ചായത്ത് വിഹിതം 69,97,015 രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതം 43,88,387 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതം 1,13,92,500 രൂപയുമാണ്. അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ സ്ഥിരമായ സംഭരണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാല് ലക്ഷം ലിറ്റര്‍ വെള്ളം ഓവര്‍ ഹെഡ് ടാങ്കിലും അതിന് താഴെയുള്ള ടാങ്കില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളവും സംഭരിക്കുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകല്‍പന. വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി, ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഫെറോന വികാരി ഫാ.ജസ്റ്റിന്‍ ജൂഡ്, അഞ്ചുതെങ്ങ് ഇടവക വികാരി ഫാ.ലൂസിയാന്‍ തോമസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *