

ദില്ലി: വാണിജ്യ ആവശ്യത്തിനായുള്ള എല്‍.പി.ജി സിലിണ്ടര്‍ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയുക. ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വിലയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചിരുന്നു.

ആഗസ്റ്റ് 30 മുതല്‍ പാചകവാതക വിലക്കുറവ് പ്രാബല്യത്തില്‍ എത്തിയിരുന്നു. നിലവില്‍ ദില്ലിയില്‍ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.

കൊവിഡ് കാലത്ത് പാചക വാതക സബ്‌സിഡി സര്‍ക്കാര്‍ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വന്‍ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്. 33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.

