

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ കമ്പനി എം.ഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്ന സമയത്ത് കര്‍ത്തയെയും ചോദ്യം ചെയ്യാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കര്‍ത്ത സഹകരിച്ചില്ല. മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കര്‍ത്ത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യാത്ര ചെയ്യാന്‍ കഴിയില്ലെന്നതിന് മെഡിക്കല്‍ രേഖകളും ഹാജരാക്കി. ഈ സാഹചര്യത്തിലാണ് കര്‍ത്തയെ ചോദ്യംചെയ്യാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ കര്‍ത്തയുടെ വീട്ടിലെത്തിയത്.


സി.എം.ആര്‍.എല്‍ കമ്പനിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐ.ടി കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തത്. എന്നാല്‍ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഇ.ഡിക്ക് കൈമാറുന്ന കാര്യത്തില്‍ സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ വൈമുഖ്യം കാണിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരായ ജീവനക്കാരോട് വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ എക്‌സാലോജിക്കുമായി ഉണ്ടാക്കിയ കരാറും സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളും ഇ.ഡി ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍, ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോഡ് പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്നും ഈ വിവരങ്ങള്‍ രഹസ്യ സ്വാഭാവത്തിലുള്ളതായതിനാല്‍ കൈമാറാനാകില്ലെന്നുമാണ് ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാറും സി.എഫ്.ഒയും ഇ.ഡിക്ക് നല്‍കിയ മറുപടി. ഇത് മറ്റൊരു ഏജന്‍സിക്കും പരിശോധിക്കാന്‍ കഴിയില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്. കരാറിന്റെ വിശദാംശങ്ങള്‍ തേടി കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. ഇതിന് പിന്നാലെയാകും എക്‌സാലോജിക്കിലേക്ക് കടക്കുക. രഹസ്യ സ്വഭാവമുള്ള രേഖള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സി.എം.ആര്‍.എല്‍ ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.



