Breaking News

ലേബർ കോഡുകൾ കത്തിച്ച് സിഐടിയു പ്രതിഷേധം

ആറ്റിങ്ങൽ: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചിറയിൻകീഴിൽ തൊഴിലാളികൾ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു.രാജ്യത്തെ 44 തൊഴിൽ നിയമങ്ങളിൽ 29 എണ്ണം സംയോജിപ്പിച്ചാണ് നാല് പുതിയ ലേബർ കോഡുകൾ കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പുതിയ കോഡുകൾ തൊഴിലാളി അവകാശങ്ങൾ ഇല്ലാതാക്കുന്നതും മുതലാളിമാർക്ക് അനുകൂലവുമാണെന്ന് നേതാക്കൾ പറഞ്ഞു. വേതനത്തിൽ മാറ്റമില്ലാതെ കുറഞ്ഞത് 12 മണിക്കൂർ വരെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് കോഡുകളിലെ പ്രധാന വ്യവസ്ഥകളിലൊന്നെന്നും ആരോപിച്ചു.

2019-ൽ വേതന കോഡും 2020-ൽ വ്യവസായ ബന്ധ കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ-ആരോഗ്യം-ജോലി സാഹചര്യം സംബന്ധിച്ച കോഡുകളും കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു. തൊഴിലാളി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2025 നവംബർ 21-നാണ് പൊതുവിജ്ഞാപനം പുറത്തിറക്കിയത്. 2026 മേയ് 8-ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി.പുതിയ ലേബർ കോഡുകൾ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾ സമരത്തിലാണെന്നും മുൻ എൽഡിഎഫ് സർക്കാർ കോഡുകൾ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.

സിഐടിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എം. മുരളി അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി സി. ദേവരാജൻ, സിഐടിയു നേതാക്കളായ ജി. വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, എസ്. ചന്ദ്രൻ, ബി. രാജീവ്, എസ്. സുനിൽകുമാർ, ആർ.കെ. ബാബു, വി.എസ്. വിജുകുമാർ, ഗായത്രി ദേവി, ബി.എൻ. സൈജുരാജ്, ബി. ശിശോഭനൻ, അഡ്വ. സി.ജെ. രാജേഷ് കുമാർ, എസ്. സാബു, എ. അൻഫർ, ബി. സതീശൻ, എൻ. ലോറൻസ്, എസ്. അനിത, പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, സുവർണ, എ.ആർ. റസൽ, എസ്. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *