

ദില്ലി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നിയമം 2024 (സി.എ.എ) പ്രാബല്യത്തില്‍വന്നു. ഇന്ന് വൈകുന്നേരം 7.30 ഓടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. നേരത്തെ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കോവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങള്‍ വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു.


വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങള്‍ നിലനിര്‍ത്തും. ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് സ്വീകരിക്കുകയും നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമം 2024 വീണ്ടും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
