

ഇംഫാല്‍: കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജി വച്ചേക്കുമെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മുഖ്യമന്ത്രി-ഗവര്‍ണര്‍ തല കൂടിക്കാഴ്ച നടക്കുന്നുണ്ട്. സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി-ഗവര്‍ണര്‍ തല കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ രാജിയിലേക്ക് നീളുന്നുവെന്ന അഭ്യൂഹം ഉയരുന്നത്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മണിപ്പൂരിലെ കലാപം ഇത്രയധികം രൂക്ഷമാകാന്‍ കാരണം മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ ഇടപെടലുകളാണെന്നാണ് പരക്കെയുള്ള ആരോപണം. കഴിഞ്ഞ രണ്ട് മാസമായി മണിപ്പൂരില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം, കാങ്കോക്പി ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. ഈ പ്രതിഷേധ മാര്‍ച്ചിലും അക്രമസംഭവങ്ങളുണ്ടായിരുന്നു.

മണിപ്പുരിലെ മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. റോഡ് മാര്‍ഗം ഒഴിവാക്കി ഹെലികോപ്റ്ററിലാണ് ഇംഫാലില്‍നിന്ന് മൊയ്രാങ്ങിലെത്തിയത്. രാഹുലിനെ സ്വീകരിക്കാന്‍ മെയ്തെയ് സ്ത്രീകളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ‘ഞങ്ങള്‍ക്ക് സമാധാനം വേണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ആയിരങ്ങളെത്തിയത്.
