

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ ഉമ്മന്‍ചാണ്ടിയെ അപമാനിച്ച നടന് വിനായകനെതിരെ പ്രതികരിച്ച് മകന് ചാണ്ടി ഉമ്മന്‍. ഏതെങ്കിലും ഒരു നിമിഷത്തില്‍ അയാള്‍ എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ വിനായകന്റെ പരാമര്‍ശങ്ങള്‍ കാര്യമായി എടുക്കേണ്ടെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വിനായകനെതിരെ കേസെടുക്കരുതെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കില്‍ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കില്‍ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,’ -ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, ഈ വിഷയത്തില്‍ രൂക്ഷമായ പ്രതിഷേധം നേരിടുകയാണ് നടന് വിനായകന്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലൂടെ വിനായകന് ഉന്നയിച്ചത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിനായകന് തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിനായകനെതിരേ പോലീസ് കേസുമെടുത്തിട്ടുണ്ട്.

വികാരം വ്രണപ്പെടുത്തിയെന്നും പ്രകോപനപരമായ പ്രസ്താവന നടത്തി മൃതദേഹത്തോട് അനാദരവുകാട്ടിയെന്നുമാണ് വിനായകന് എതിരെയുള്ള പരാതി. ഡി.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയതറ എന്നിവരാണ് വിനായകനെതിരേ സെന്‍ട്രല്‍ എ.സി.പി. ജയകുമാറിനും നോര്‍ത്ത് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയത്. ഇതിനുപുറമേ നാലു പരാതികള്‍കൂടി ലഭിച്ചതോടെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ ഫ്ലാറ്റില്‍ അതിക്രമം നടത്തിയതായി വിനായകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.