

വര്‍ക്കല: വര്‍ക്കല അയിരൂര്‍ കളത്തറയില്‍ ലീനാമണി കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. കേസിലെ ഒന്നും രണ്ടും പ്രതികളായ അയിരൂര്‍ കളത്തറ ഷഹാന മന്‍സിലില്‍ സുബൈറിന്റെ മകന്‍ ഷാജി (46), അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ അബ്ദുല്‍ അഹദ് (41) എന്നിവരാണ് അയിരൂര്‍ പോലീസിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കേസിലെ നാലാം പ്രതി റഹീനയെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൊലപാതകം നടന്ന ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. റഹീന ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസില്‍ ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

ജൂലൈ 16 രാവിലെ 11 മണിയോടെയാണ് ലീനാമണി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ലീനാമണിയെ ഗുരുതരമായ പരിക്കുകളോടെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതോടെയാണ് സ്വത്തിന്റെ പേരില്‍ ലീനാമണിക്ക് ഭര്‍തൃസഹോദരന്മാരില്‍നിന്ന് ഉപദ്രവം ഉണ്ടായിത്തുടങ്ങിയത്. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ലീനാമണിയുടെ വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതികള്‍ കമ്പിപ്പാരകൊണ്ട് മര്‍ദ്ദിച്ചത്.

കേസിലെ പ്രതി അഹദും കുടുംബവും അടുത്തിടെ ലീനാമണി താമസിക്കുന്ന സിയാദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസും നിലനിന്നിരുന്നു. വര്‍ക്കല കോടതി ലീനാമണിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുമായി അയിരൂര്‍ പോലീസ് ലീനാമണിയുടെ വീട്ടിലെത്തിയതിന്റെ പിറ്റേദിവസമാണ് ലീനാമണി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂലൈ 17 ന് ഫോറന്‍സിക് വിഭാഗം കൊലപാതകം നടന്ന വീട്ടിലെത്തി തെളിവ് ശേഖരണം നടത്തിയിരുന്നു.