Breaking News

അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തനിക്കെതിരായ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അപകീര്‍ത്തിക്കേസില്‍ താന്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചതോടെ രാഹുലിന്റെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി മാറ്റിവച്ചു.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് തീയതി ഏത് സമയത്തും പ്രഖ്യാപിക്കാമെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. രാഹുലിന് ഒരു പാര്‍ലമെന്റ് സമ്മേളനം നഷ്ടമായെന്നും സിങ്‌വി കോടതിയെ ബോധിപ്പിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, പി.കെ.മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാഹുലിന്റെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ പത്ത് ദിവസം സമയം അനുവദിക്കണമെന്ന് പൂര്‍ണേഷ് മോദിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയും ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

അതേസമയം, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബി.ആര്‍.ഗവായ് ആദ്യം തന്നെ തന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്തി. തന്റെ പിതാവ് 40 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവെന്നും സഹോദരന്‍ ഇപ്പോഴും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കിയ അദ്ദേഹം താന്‍ ഈ കേസ് കേള്‍ക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ പിന്മാറാമെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയും പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയും ജസ്റ്റിസ് ബി.ആര്‍ ഗവായ് കേസ് കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് രാഹുലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *