Breaking News

മൊയ്തീന് കുരുക്ക് മുറുകുന്നു; ഇ.ഡി ഉടന്‍ ചോദ്യം ചെയ്യും, അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ എ.സി.മൊയ്തീനെതിരെ കടുത്ത നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). എ.സി.മൊയ്തീനിനെ ഇ.ഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതില്‍ ഇന്ന് തീരുമാനം എടുക്കും. കൂടാതെ, എ.സി.മൊയ്തീന്റെ മച്ചാട് സര്‍വീസ് സഹകരണ ബാങ്കിലെയും യൂണിയന്‍ ബാങ്കിലെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി സംഘം വീട്ടില്‍ എത്തിയതെന്ന് എ.സി.മൊയ്തീന്‍ സ്ഥിരീകരിച്ചിരുന്നു. തന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, തന്റെ വീട്ടില്‍ 22 മണിക്കൂര്‍ ചിലവിട്ട് നടത്തിയ പരിശോധന ഇ.ഡിയുടെ അജണ്ടയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കരുവന്നൂര്‍ ബാങ്കില്‍ നിന്നും താന്‍ ആര്‍ക്കോ വായ്പ ലഭിക്കാന്‍ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. മൊയ്തീന്റെ പ്രതികരണം വന്നതിന്റെ തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തു വരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *