
വര്‍ക്കല: കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍. സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ അത്യന്തം അപകടകരമാണെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വര്‍ക്കലയില്‍ നടന്നുവന്ന യുവകലാസാഹിതി വര്‍ക്കല മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ ഒന്നിച്ചുള്ള പോരാട്ടങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവകലാസാഹിതി വര്‍ക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അയിരൂര്‍ കെ.സുജാതന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീതാ നസീര്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സി.എ നന്ദകുമാര്‍, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ. ദേവകി, യുവകലാസാഹി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ചെറുന്നിയൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു. വര്‍ക്കല മണിലാല്‍ നന്ദി പറഞ്ഞു.കണിയാപുരം രാമചന്ദ്രന്‍ അവാര്‍ഡ് ജേതാവ് വി.പി ഉണ്ണികൃഷ്ണനെ ചടങ്ങില്‍ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ കലാ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. നേരത്തെ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ.ദേവകി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ അജില്‍ മണിമുത്ത് നയിച്ച ഗാനസന്ധ്യയും അരങ്ങേറി.