
ആറ്റിങ്ങല്‍: 14 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് 33 വര്‍ഷം കഠിനതടവ്. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു(33)വിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. 33 വര്‍ഷം കഠിനതടവിന് പുറമേ 60,000/ രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 2014ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 14 വയസ്സുകാരിയെ സ്‌കൂള്‍ പഠനകാലത്ത് ട്യൂഷന്‍ അധ്യാപകനായ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും, സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെണ്‍കുട്ടിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
2014 കാലഘട്ടത്തില്‍ പ്രതി ട്യൂഷന്‍ എടുത്ത് വന്നിരുന്ന വീട്ടില്‍ വച്ച് പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം പ്രവര്‍ത്തിച്ച പ്രതി തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി, ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു. വീഡിയോ ചാറ്റ് ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ശേഷം ഇതൊക്കെ പുറത്തറിയിക്കുമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി വഴങ്ങാത്തതിലുള്ള വിരോധം നിമിത്തം പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത് 2017 ക്രിസ്മസ് ദിവസം പെണ്‍കുട്ടിയ്ക്ക് ഫോണിലൂടെ അയച്ചു കൊടുത്ത ശേഷം ഫോട്ടോകള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷന്‍ പ്രതിയ്‌ക്കെതിരെ ആരോപിച്ചിരുന്ന കുറ്റം.
സാക്ഷി മൊഴികളുടെയും സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ വേളയില്‍ അതിജീവിത മരണപ്പെട്ടിരുന്നു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവക്ഷിച്ചിട്ടുള്ള ബലാത്സംഗ കുറ്റം, പോക്‌സോ നിയമത്തില്‍ വിവരിച്ചിട്ടുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റകൃത്യം, സൈബര്‍ നിയമത്തിലെ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ച് 15 വര്‍ഷം കഠിനതടവും 25,000/ രൂപ പിഴ ശിക്ഷയും, പോക്‌സോ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റത്തിന് പ്രതിയ്ക്ക് 15 വര്‍ഷം കഠിനതടവും 25,000/ രൂപ പിഴ ശിക്ഷയും, ഐ. ടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും 10,000/ രൂപ പിഴ ശിക്ഷയും കോടതി ശിക്ഷ വിധിച്ചു. 25,000/ രൂപ വീതം പിഴ തുക കെട്ടിവെക്കുവാന്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ പ്രതി ആറുമാസം വീതം കഠിന തടവും, 10,000/ രൂപ പിഴ തുക കെട്ടിവെക്കുവാന്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ പ്രതി ഒരു മാസം കഠിന തടവു കൂടുതലായി അനുഭവിക്കണമെന്നും വിധിയുത്തരവ് ഉണ്ട്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടെന്നും വിധി ന്യായത്തില്‍ പറയുന്നു.
കഠിനംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂര്‍ സി ഐ ആയിരുന്ന ജി. ബി. മുകേഷ് ആണ്. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസിന്‍ ഹാജരായി.