

ആറ്റിങ്ങൽ : നഗരസഭ മാലിന്യ സംസ്കരണ പ്ലാൻ്റിന് സമീപം ബൈക്കിലെത്തിയവർ മാലിന്യം വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗാന്ധീനഗർ റോഡിലെ ചുറ്റുമതിലില്ലാത്ത ഒഴിഞ്ഞ പുരയിടത്തിലേക്കാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ മാലിന്യം നിറച്ച ചാക്കുകെട്ട് വലിച്ചെറിഞ്ഞ ശേഷം കടന്നുകളഞ്ഞത്. പാർവ്വതീപുരം റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമീപത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ ബൈക്കിൻ്റെ രജിസ്ട്രേഷൻ നമ്പർ അടക്കമുള്ള ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞു. നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി ചാക്കുകെട്ട് തുറന്നു പരിശോധിച്ചു.

പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, സാനിട്ടറി പാഡുകളും, ആഹാര അവശിഷ്ട്ടവും, കൂടാതെ ആറ്റിങ്ങൽ സ്വദേശിയായ ഒരു ഡോക്ടറുടെ മേൽവിലാസം അടങ്ങിയ കൊറിയർ കവറുകളും ചാക്കിനുള്ളിൽ നിന്നു കണ്ടെത്തി. ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ തിനവിള സ്വദേശിയുടെതാണ് വാഹനമെന്നും തിരിച്ചറിഞ്ഞു. ഇവർക്കെതിരെ കർശന നീയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്. അരുൺ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ എം.ആർ. റാംകുമാർ, ഇൻസ്പെക്ടർ ഗണേഷ്കുമാർ, ജൂനിയർ ഇൻസ്പെക്ടർ ബിജു, ശുചീകരണ വിഭാഗം ജീവനക്കാരായ മധു, ആർ.കെ. മനോജ് തുടങ്ങിയവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.


