

ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ മാലിന്യം തള്ളുന്ന വരെ കണ്ടെത്താൻ ആറ്റിങ്ങൽ നഗരസഭ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. വ്യാപകമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. നഗരസഭ പ്ലാൻ ഫണ്ടിൽ തുക വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ്റിങ്ങൽ കോളേജ് റോഡ്, മാമം പെട്രോൾ പമ്പിന് സമീപം, എം. സി.എഫ് പ്ലാൻ്റ്, ആറ്റിങ്ങൽ ഗ്രാമം റോഡ്, കരിച്ചിയിൽ ഏല, കല്ലുപാലം റോഡ്, അവനവഞ്ചേരി ടോൾമുക്ക്, എ.സി.എ.സി നഗർ, മേലാറ്റിങ്ങൽ വഴിയമ്പലം, കൊട്ടിയോട് അമർ ജവാൻ റോഡ് (കല്ലംവിള റോഡ്), കൊല്ലമ്പുഴ തുടങ്ങിയ പതിനൊന്ന് ഇടങ്ങളിലാണ് അദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നഗരത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ആറ്റിങ്ങൽ നഗരസഭ. ഇത്തരത്തിൽ ക്യാമറ സ്ഥാപിക്കുന്നത് വഴി മാലിനും തള്ളുന്നവരെ പിടികൂടാൻ സാധിക്കുന്നതോടൊപ്പം വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനവും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 15,00,000 രൂപയാണ് ഇതിനായി വകയിരുത്തിയത്. കെൽട്രോൺ കമ്പനിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ദീർഘദൂരത്തു നിന്നും ഉള്ള ദൃശ്യങ്ങൾ പോലും പകർത്തുന്ന തരത്തിലുള്ള ആധുനിക രീതിയിലുള്ള ക്യാമറകളാണ് സ്ഥാപിച്ച് തുടങ്ങിയത്.



