

വർക്കല: വർക്കല നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പോലീസിൽ കീഴടങ്ങി. ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷഹദ് (39) ആണ് വർക്കല പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയത്. ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരായ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതി ഷഹദിനെ വർക്കല താലൂക്ക് ആശുപത്രിയിലും, പിന്നീട് വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാലുപേരെ വർക്കല പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് ഷഹദിന്റ്റെ നേതൃത്വത്തിലുള്ള ആക്രമി സംഘം നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നഗരസഭയുടെ വാഹനവും അക്രമി സംഘം അടിച്ചു തകർത്തിരുന്നു.