

വർക്കല : നിർധന കുടുംബത്തിന് അത്താണിയായി ടീം വർക്കല. വർക്കല മുണ്ടയിൽ താമസിക്കുന്ന വിജയൻ പത്മിനി അമ്മ ദമ്പതികൾക്ക് വീട് നിർമ്മിച്ച് നൽകിയാണ് ടീം വർക്കല മാതൃകയാവുന്നത്. വിജയൻ പത്മിനി അമ്മ ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത് കുടുംബ സ്വത്തായ പുരയിടത്തിലാണ്.ഈ പുരയിടത്തിൽ ചാക്ക്, പ്ലാസ്റ്റിക് കവർ, ടാർപ്പ എന്നിവകൊണ്ട് മറവുചെയ്ത കൂരയിലാണ് ഇവർ ഇപ്പോൾ മഴയെയും കാറ്റിനെയും ഒക്കെ പേടിച്ച് ജീവിക്കുന്നത്. മറ്റുള്ളവർ മഴപെയ്യണമെന്ന് ആഗ്രഹിക്കുമ്പോൾ മഴ പെയ്യല്ലേ ഭഗവാനെ എന്ന് പ്രാർത്ഥിക്കേണ്ട അവസ്ഥയാണിവർക്കുള്ളത്.

വിജയൻഅരയ്ക്കുതാഴെ ചലന സ്വാധീനമില്ലാത്തയാളാണ് വിജയൻ. പത്മിനി അമ്മയും അസുഖ ബാധിതയാണ്. ഈ അവസ്ഥയിലാണ് ഇവർ രണ്ടുപേരും ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന കൂരയിൽ ജീവിതം തള്ളിനീക്കുന്നത്. ഇവർക്ക് മക്കളില്ല. കുടുംബസ്വത്ത് ഭാഗം വെച്ചിട്ടില്ല. മാത്രമല്ല കുടുംബസ്വത്ത് കേസിൽപെട്ട് കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവർക്ക് കിട്ടേണ്ട ഓഹരി വാങ്ങാനോ ഒരു ലോണെടുത്തെങ്കിലും അടച്ചുറപ്പുള്ളവീട് വെക്കാനോ പറ്റാത്ത അവസ്ഥയാണുള്ളത്.
ഇത്തരമൊരു സാഹചര്യത്തിൽ കഴിയുന്ന കൂരയിലേക്കാണ് ടീം വർക്കല കോവിഡുമായി ബന്ധപ്പെട്ട കിറ്റ് വിതരണത്തിന് എത്തിയത്. അങ്ങനെ വിജയൻ പത്മിനി അമ്മ ദമ്പതികളുടെ ദയനീയമായ ജീവിതസാഹചര്യം നേരിട്ട് കണ്ടതോടെ ടീം വർക്കല ഇവർക്ക് തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചു നൽകാൻ തയ്യാറാവുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് വീടിന്റ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. ടീം വർക്കലയുടെ 85 അംഗങ്ങളും അവരുടെ സുഹൃദ് വലയങ്ങളും ചേർന്നാണ് വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നത്.
ടീം വർക്കല അംഗങ്ങളായ ബിജാസ്,നസീം,സുനീഷ് സെയ്ഫ്,അനസ്, ഷാഫി,വിശാഖ്, സബിത്ത്,വാർഡ് കൗൺസിലർ നിതിൻ നായർ, വീടുപണി മേൽനോട്ടം വഹിക്കുന്ന ബിലാൽ എന്നിവരും കുറ്റിയടിക്കൽ ചടങ്ങിൽ പങ്കെടുത്തു.ഇതോടെ മഴയെയും കാറ്റിനെയും പേടിക്കാതെ സമാധാനത്തോടെ സുരക്ഷിത ബോധത്തോടെയും ജീവിക്കാമെന്ന പ്രതീക്ഷയിലാണ് വിജയനും പത്മിനി അമ്മയും.