Breaking News

വര്‍ക്കല നഗരസഭ സെക്രട്ടറിയെ തടഞ്ഞുവച്ച സംഭവം; കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

വര്‍ക്കല: വര്‍ക്കല നഗരസഭ സെക്രട്ടറിയെ തടഞ്ഞുവച്ച സംഭവത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തികച്ചും നാടകീയ സംഭവങ്ങളായിരുന്നു വര്‍ക്കല നഗരസഭയില്‍ നടന്നത്. ടൂറിസം മേഖലയായ വര്‍ക്കലയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നിലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ സെക്രട്ടറിയെ തടഞ്ഞുവച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെക്രട്ടറിയെയും മറ്റ് ജീവനക്കാരെയും തടഞ്ഞുവച്ചത്. പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ട നീണ്ടതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സെക്രട്ടറിയെയും മറ്റ് ജീവനക്കാരെയും പുറത്തിറക്കിയത്. വെള്ളിയാഴ്ച ദിവസം കൗണ്‍സിലര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാരും സമരപരിപാടികള്‍ സംഘടിപ്പിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ അനധികൃത നിയമനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് കടുത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും കേസെടുത്തതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്താന്‍ സാധിക്കില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും അവര്‍ പ്രതികരിച്ചു.

വര്‍ക്കലയില്‍ അനധകൃത നിര്‍മ്മാണം നടക്കുന്ന ഒരു റിസോര്‍ട്ടിനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സ് സ്ഥാപനത്തിനും എതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഐകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം കൂടിയ കൗണ്‍സില്‍ യോഗം തടസ്സപ്പെട്ടിരുന്നു. ഒടുവില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന നഗരസഭ ചെയര്‍മാന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ യോഗം തുടര്‍ന്നത്.

പ്രതിഷേധത്തെ തുടര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഹോം അപ്ലയന്‍സ് സ്ഥാപനം ഇന്നലെ വൈകിട്ടോടെ നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ വച്ചു. തുടര്‍ന്ന് നേരത്തെ സ്റ്റോപ് മെമ്മോ നല്‍കിയിരുന്ന റിസോര്‍ട്ടില്‍ എത്തി അവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്ത് മാറ്റണമെന്നും നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *