

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇനി പുതിയ മദ്യനയം. പുതുക്കിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധന, സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പാദനം വര്‍ധിപ്പിക്കല്‍, കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കല്‍, ടൂറിസം മേഖലയിലെ റസ്റ്റാറന്റുകള്‍ക്ക് ബിയര്‍, വൈന്‍ വില്‍പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കല്‍ തുടങ്ങിയവയാണ് പുതുക്കിയ മദ്യനയത്തിലെ പ്രധാന തീരുമാനങ്ങള്‍.

സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പാദിപ്പിത്ത് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തുമെന്നും തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ക്ക് ഒരേ ഡിസൈന്‍ കൊണ്ടുവരും. കേരള ടോഡി എന്ന പേരില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യും. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും-മന്ത്രി വിശദീകരിച്ചു.

പുതിയ മദ്യനയത്തിലെ തീരുമാനങ്ങള്‍:
വിദേശ മദ്യ മേഖല:
1) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും.
2) വിദേശ മദ്യവും ബിയറും കഴിയുന്നത്ര സംസ്ഥാനത്ത് തന്നെ നിര്‍മ്മിക്കാനുള്ള സംവിധാനം ഒരുക്കും.
3) മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും എക്‌സ്‌പോര്‍ട്ട് ഫീസും പുനഃക്രമീകരിക്കും.
4) മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും.
5) ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
6) പഴ വര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
7) പാലക്കാടുള്ള മലബാര്‍ ഡിസ്റ്റിലറിയിലെ മദ്യ ഉല്‍പാദനം ഈ വര്‍ഷം ആരംഭിക്കും.
8) ടൂറിസം മേഖലയിലെ റസ്റ്റാറന്റുകള്‍ക്ക് സീസണില്‍ മാത്രം ബിയര്‍ വൈന്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും.
9) വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും (അനുമതി നല്‍കിയ 559 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളില്‍ 309 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്).
10) ഐ.ടി, ഐ.ടി സമാനമായ വ്യവസായ പാര്‍ക്കുകള്‍ക്കും മദ്യം വിളമ്പുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിന് ചട്ടം നിര്‍മ്മിക്കും.
11) ക്ലാസിഫിക്കേഷന്‍ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കില്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാര്‍ലൈസന്‍സ് പുതുക്കി നല്‍കും.
12) ബാര്‍ ലൈസന്‍സ് ഫീസ് 30,00,000ല്‍ നിന്ന് 35,00,000 രൂപയായി വര്‍ദ്ധിപ്പിക്കും.
13) സീ-മെന്‍, മറൈന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്കുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സ് ഫീസ് 50,000ല്‍ നിന്ന് 2,00,000/ രൂപയായി വര്‍ദ്ധിപ്പിക്കും.
14) ബിവ്‌റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യു ആര്‍ കോഡ് പതിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി, മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കും.
കള്ള് ചെത്ത് മേഖല:
1) കേരളത്തില്‍ എല്ലാ പ്രദേശത്തും സ്ഥലങ്ങള്‍ കണ്ടെത്തി കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും.
2) കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും.
3) കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും.
4) ത്രീ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും, വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസ്സോര്‍ട്ടുകള്‍ക്കും അതാത് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, വില്‍ക്കുന്നതിന് അനുവാദം നല്‍കും.
5) അതാത് ദിവസങ്ങളിലെ വില്‍പ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതില്‍ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.
6) കള്ള് ഉല്‍പാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും.
7) തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും.
8) കേരളാ ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും.
9) കള്ള് കൊണ്ടുപോകുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ ട്രാക്ക് ആന്‍ഡ് ട്രെയ്‌സ് സംവിധാനം നടപ്പിലാക്കും.
വിമുക്തി:
1) വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കായികവകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും, ലൈബ്രറി കൌണ്‍സില്‍, റസിഡന്റ് അസോസിയേഷന്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ പൊതുരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും വിമുക്തി പ്രവര്‍ത്തനം വ്യാപിപ്പിക്കും.
2) മയക്കുമരുന്നിന്റെ ഉറവിടം, ഉപയോഗിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍, കൗമാരക്കാരെ ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയെല്ലാം പഠനവിധേയമാക്കും. മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് വിപുലമായ പഠനം നടത്താന്‍ സ്റ്റുഡന്റ് പൊലീസിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയോഗിച്ചിട്ടുണ്ട്.
3) പഞ്ചായത്തുകളെ ‘വിമുക്തി മാതൃകാ പ്രവര്‍ത്തന പഞ്ചായത്ത്’ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
4) ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന ഡി അഡിക്ഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
