


വര്‍ക്കല: വര്‍ക്കലയില്‍ ‘അടിയന്തിരാവസ്ഥ-ഒരു പുനര്‍വായന’ എന്ന പേരില്‍ അടിയന്തിരാവസ്ഥയെ കുറിച്ച് സെമിനാര്‍ നടന്നു. വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്ക് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു സെമിനാര്‍. ബ്ലോക്ക് പ്രസിഡന്റ് എം.എന്‍.റോയ് അധ്യക്ഷത വഹിച്ച സെമിനാറില്‍ നെല്ലേറ്റില്‍ അസ്ലം വിഷയാവതരണം നടത്തി. രാജ്യത്തെ കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ ജനാധിപത്യ വിരുദ്ധ കലാപ രാഷ്ട്രീയമാണ് ഇന്ത്യയെ അടിയന്തിരാവസ്ഥയില്‍ എത്തിച്ചതെന്ന് നെല്ലെറ്റില്‍ അസ്ലം സെമിനാറില്‍ പറഞ്ഞു. 1948 ലെ തീവ്ര ഇടതുപക്ഷത്തിന്റെ കല്‍ക്കട്ട തീസിസും തീവ്ര വലതുപക്ഷം നടത്തിയ ഗാന്ധിവധവും ഇന്ത്യന്‍ ജനാധിപത്യത്തിന് തുടക്കം മുതലേ നേരിട്ട വന്‍ ഭീഷണികളായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് 1970കളില്‍ ജെ.പി പ്രസ്ഥാനത്തിന്റെ കീഴില്‍ തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും കോണ്‍ഗ്രസ് വിരുദ്ധ ശക്തികളും ഒന്നിച്ചു ചേര്‍ന്നു രാജ്യവ്യാപകമായി നടത്തിയ കലാപ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കി. അതിനെ ചെറുക്കുന്നതിനും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധി ഭരണഘടനയുടെ 352-ആം വകുപ്പ് പ്രകാരം അടിയന്തിരാവസ്ഥ നടപ്പിലാക്കിയത്. മറിച്ചുള്ള വാദങ്ങളെല്ലാം കോണ്‍ഗ്രസിന് എതിരായുള്ള പ്രതിപക്ഷത്തിന്റെ പതിവ് നുണപ്രചാരണങ്ങളായിരുന്നു- അസ്ലം വ്യക്തമാക്കി.

