

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. ഓഗസ്റ്റ് മാസത്തെ ശമ്പളം-പെന്‍ഷന്‍ ചെലവുകള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രമിറക്കിയത്. ഓണക്കാലം കൂടിയായ ഓഗസ്റ്റ് മാസത്തിലെ അധിക ചെലവുകള്‍ക്കായി 8000 കോടി രൂപയോളം രൂപ കണ്ടെത്തേണ്ട അവസ്ഥയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയില്‍ 2890 കോടി രൂപമാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം കൂടിയായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നടുവൊടിഞ്ഞ അവസ്ഥയിലാണ്.

ശമ്പള പരിഷ്‌ക്കരണം പ്രതീക്ഷതില്‍നിന്നും നാലിരട്ടിയോളം വരുന്ന സാമ്പത്തിക ബാധ്യതയാണ് ധനവകുപ്പിന് വരുത്തിവച്ചത്. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുന്നുമില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്റെ ബലത്തിലാണ് കരകയറിയത്. ഓണക്കാലം കൂടിയായ ഓഗസ്റ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, സര്‍ക്കാര്‍ ജീനക്കാരുടെ മറ്റ് ആനുകൂല്യങ്ങള്‍, കുടിശ്ശികയടക്കമുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങി വന്‍ സാമ്പത്തിക ബാധ്യയാണ് സര്‍ക്കാരിനുണ്ടാവുക.

ഈ വര്‍ഷം അവസാനം വരെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കടമെടുക്കാന്‍ അനുമതി നല്‍കിയത് 15,390 കോടി രൂപയ്ക്കാണ്. അതില്‍ 12,500 കോടി സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിക്കഴിഞ്ഞു. അടുത്ത 5 മാസത്തേക്ക് സര്‍ക്കാരിന്റെ കയ്യിലുള്ള നീക്കിയിരിപ്പ് 2890 കോടി മാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ കഴിയാന്‍ തുക സമാഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. കേന്ദ്ര നയങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തില്‍ കേരളം ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല.
