

പാലക്കാട് (ഷൊർണൂർ): ആൾമറയില്ലാത്ത ഉപയോഗശൂന്യ കിണറിൽ വീണ് പത്ത് മണിക്കൂറോളം കുടുങ്ങിയ പോത്തെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഉച്ചയ്ക്ക് പുറത്തെത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഷൊർണൂർ കുളപ്പുള്ളി കുറ്റിക്കാട് കോളനിയിലെ കുഞ്ചൂസ് ലൈൻ ഭാഗത്തുള്ള ഉപയോഗശൂന്യ കിണറിൽ പോത്ത് വീണത്.
കിണറിന് സമീപത്ത് നിന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. ഉടൻ വിവരം മറ്റു നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും വനം വകുപ്പും ചേർന്നുള്ള ശ്രമങ്ങൾ ആദ്യഘട്ടത്തിൽ വിജയം കണ്ടില്ല.

തുടർ ശ്രമങ്ങളുടെ ഭാഗമായി സ്ഥല ഉടമ തന്റെ ചിലവിൽ ജെസിബി എത്തിച്ചു. കിണർ ഭാഗികമായി പൊളിച്ചതിന് ശേഷം, വനം വകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ, പോത്തെ ശ്രദ്ധാപൂർവം കരയിലേക്ക് ഉയർത്തി. കിണറിൽ നീണ്ട മണിക്കൂറുകളോളം കിടന്നിരുന്നതിനാൽ പരിഭ്രാന്തിയിലായിരുന്ന പോത്ത് പിന്നീട് കാട്ടിലേക്ക് തന്നെ പോയി.
നാട്ടുകാരുടെ സംയുക്തസഹകരണവും അധികാരികളുടെ സമയോചിതമായ ഇടപെടലും ഒരു ജീവന്റെ രക്ഷയ്ക്ക് വഴി വെച്ചുവെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. അതേസമയം, ജനവാസ പ്രദേശങ്ങളിലുള്ള ഉപയോഗശൂന്യ കിണറുകൾ അടച്ചു സൂക്ഷിക്കണമെന്ന് നാട്ടുകാരിൽ നിന്ന് ആവശ്യം ഉയരുന്നു.


