

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.മോഡല്‍ പ്രീ പ്രൈമറി സ്‌കൂളില്‍ വരയുത്സവം സംഘടിപ്പിച്ചു. കുരുന്നുകളില്‍ അക്ഷര സംസ്‌കാരവും സര്‍ഗാത്മകതയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വരയുത്സവം സംഘടിപ്പിച്ചത്. ബി.ആര്‍.സി തലത്തില്‍ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന പ്രീ പ്രൈമറി ഉത്സവങ്ങളില്‍ ഒന്നാണ് വരയുത്സവം.

കുട്ടികള്‍ക്ക് ഭാഷ എന്നത് വരകളാണ്. അതുകൊണ്ട് വരയെ പ്രോത്സാഹിപ്പിക്കുക, ഭാഷയിലേക്ക് കുട്ടികളെ കൂടുതല്‍ അടുപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു പദ്ധതി പ്രീ പ്രൈമറി തലങ്ങളില്‍ സംഘടിപ്പിക്കുന്നത്.

ആറ്റിങ്ങല്‍ ഗവ. മോഡല്‍ പ്രീ പ്രൈമറി സ്‌കൂള്‍ വരയുത്സവം പി.റ്റി.എ പ്രസിഡന്റ് കൃഷ്ണദാസിന്റെ അധ്യക്ഷതയില്‍ ആറ്റിങ്ങല്‍ നഗരസഭ വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ഗിരിജ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ലീജ സ്വാഗതം ആശംസിച്ചു.

പ്രശസ്ത ചിത്രകാരന്‍ എസ്.മോഹനകുമാരന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ആറ്റിങ്ങല്‍ ബി.ആര്‍.സിയിലെ ക്ലസ്റ്റര്‍ കോഡിനേറ്റര്‍മായ ജി.എല്‍, ബി.പി.സി ബിനു, സ്‌കൂള്‍ രക്ഷാധികാരി മാധവന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ടീച്ചര്‍ സിന്ധു നന്ദി രേഖപ്പെടുത്തി.
