
ന്യൂഡല്‍ഹി: രാജ്യത്തുള്ള സമരജീവികളെ തിരിച്ചറിയണമെന്നും അവരില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ‘രാജ്യത്ത് ഒരു ആന്ദോളന് ജീവി (സമര ജീവി)വിഭാഗം രൂപംകൊണ്ടിട്ടുണ്ട്. അഭിഭാഷകരുടെയോ വിദ്യാര്‍ഥികളുടെയോ തൊഴിലാളികളുടെയോ ആകട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകും. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാന്‍ ആകില്ല. ഇക്കൂട്ടരെ തിരിച്ചറിയുകയും അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും വേണം’-മോദി പറഞ്ഞു.
കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മോദി ഇപ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. നിയമത്തിലെ കുറവുകള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് സംസാരിച്ച അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് പ്രസംഗിച്ചത്. സര്‍ക്കാര്‍ കര്‍ഷകരുമായി എപ്പോഴും തയാറായിരുന്നു. പ്രതിഷേധക്കാരുടെ സംശയങ്ങള്‍ അകറ്റേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് പറഞ്ഞ മോദി രാജ്യത്ത് താങ്ങുവില തുടരുകതന്നെ ചെയ്യുമെന്ന് ഉറപ്പനല്കുകയും ചെയ്തു. കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കുന്നവര്‍ പക്ഷേ, അതിനുള്ള കാരണമെന്തെന്ന് പറയുന്നില്ല. പ്രശ്നത്തിന്റെ ഭാഗമാവുകയാണോ അതോ പരിഹാരത്തിനുള്ള മാധ്യമമാവുകയാണോ വേണ്ടതെന്ന് നാം തീരുമാനിച്ചേ മതിയാകൂ-മോദി പറഞ്ഞു.
ഫോറിന് ഡിസ്ട്രക്റ്റീവ് ഐഡിയോളജി എന്ന പുതിയ എഫ്.ഡി.ഐ രംഗത്തെത്തിയിട്ടുണ്ടെന്നും അതില്‍നിന്ന് നമ്മെ നാംതന്നെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2014 മുതല്‍ കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി. പി.എം.-കിസാന്‍ പദ്ധതി കൊണ്ടുവന്നു. ചെറുകിട കര്‍ഷകര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഭരണസംവിധാനം കാരണം പശ്ചിമ ബെംഗളിലെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും ഈ ജോലി ചെയ്തേ മതിയാകൂ. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്- മോദി പറഞ്ഞു.