Breaking News

റോഡിന്റെ ശോചനീയാവസ്ഥ: മുദാക്കലില്‍ നാട്ടുകാരുടെ പരാതികള്‍ നേരിട്ടറിയാന്‍ ബി.ജെ.പി സംഘം

മുദാക്കല്‍: മുദാക്കല്‍ പഞ്ചായത്തില്‍ റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കാനും നാട്ടുകാരുടെ പരാതികള്‍ നേരിട്ടറിയാനും ബി.ജെ.പി പ്രതിനിധി സംഘം പ്രദേശത്തുടനീളം സന്ദര്‍ശനം നടത്തി. വാസുദേവപുരം-പള്ളിയറ റോഡിന്റെ ശോചനീയാവസ്ഥ നേരില്‍ കാണാന്‍ ഇന്ന് മൈവള്ളി ഏലാ മുതല്‍ താഴേ ഇളമ്പ ഭാഗം വരെ സന്ദര്‍ശിച്ച പ്രതിനിധി സംഘം ജനങ്ങളുടെ പരാതികള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തു. കനത്ത മഴയില്‍ റോഡുകള്‍ നശിച്ച് സഞ്ചാരയോഗ്യമല്ലാതായി യാത്രാ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് പ്രതിനിധി സംഘം സംവദിച്ചു.

യാതൊരുവിധ ശാസ്ത്രീയ പഠനത്തിന്റെയും പിന്‍ബലമില്ലാതെയാണ് കോണ്‍ട്രാക്ടര്‍ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തോന്നുംവിധം റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രതിനിധി സംഘം പറഞ്ഞു. പലതിന്റെയും പണി ആരംഭിച്ചിട്ട് 2 വര്‍ഷം പിന്നിട്ടിരിക്കുന്നു. വഴിക്കുവേണ്ടി പല വീട്ടുകാരും കാശു മുടക്കേണ്ടിവരുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. പല വീടുകളിലേക്കും മഴപെയ്ത് മലിന ജലം കയറുന്നു. പല ഭാഗത്തും പല വീതിയിലാണ് റോഡ് നിര്‍മ്മാണം. ഗുരുതരമായ അനാസ്ഥയാണ് കോണ്‍ട്രാക്ടറിന്റേയും പദ്ധതി നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്-പ്രതിനിധി സംഘം ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ശക്തമായ ജനകീയ പ്രതിരോധം ഇവിടെ ഉയരണമെന്നും നാട് അതിനായി ഒരുമിച്ച് നില്‍ക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പ്രതിനിധി സംഘത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ.വി.എസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പൂവണത്തുംമൂട് മണികണ്ഠന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അയിലം അജി, ഏര്യ പ്രസിഡന്റ് നെല്ലിമൂട് ബിജു, മെമ്പര്‍മാരായ രമ്യ, ബിന്ദു, ഷൈനി, രാജീവ് തുടങ്ങിയവരും മറ്റ് പ്രാദേശിക നേതാക്കളും സംഘത്തില്‍ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *